Monday 1 September 2008

റമസാന്‍:സമര്‍പ്പണത്തിന്റെ പുണ്യമാസം (മനോരമ)

ഡോ. (പ്രഫ.) വി.എച്ച്. അബ്ദുല്‍ സലാം
ഹിജ്റ വര്‍ഷത്തിലെ ഒന്‍പതാം മാസമായ വിശുദ്ധ റമസാന്‍ ഒരിക്കല്‍ക്കൂടി. ലോക ജനസംഖ്യയില്‍ ആറിലൊന്നു വരുന്ന മുസ്ലിംകള്‍ക്ക് ഇനി ഒരു മാസം വ്രതാനുഷ്ഠാനമാണ്. പകല്‍ ഉപവാസവും രാത്രി ഉപാസനയുമായി ഭക്തിപൂര്‍ണമായ ദിവസങ്ങള്‍.പുണ്യ റമസാന്‍ വന്നണയാനിരിക്കേ ശഅബാന്‍ മാസത്തിന് ഒടുവില്‍ ഒരിക്കല്‍ പ്രവാചകപ്രഭു പറഞ്ഞു: ജനങ്ങളേ, മഹത്തായ ഒരു അനുഗൃഹീതമാസം സമാഗതമാവുന്നു. ആയിരം മാസങ്ങളെക്കാള്‍ പുണ്യമായ ഒരു രാത്രി അതിലുണ്ട്. ആ മാസം വ്രതാനുഷ്ഠാനം നിര്‍ബന്ധവും തറാവീഹ് നമസ്കാരം ഐച്ഛികവുമാണ്.
സഹനത്തിന്റെ ഈ മാസം നല്‍കുന്ന പ്രതിഫലം സ്വര്‍ഗമാണ്.ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ അവതരിച്ച മാസമാണു റമസാന്‍. വിശുദ്ധ ഖുര്‍ആന്റെ പ്രഥമ സൂക്തമായ 'ഇക്റഅ് (വായിക്കുക) പ്രവാചകനു വെളിവാക്കപ്പെട്ടതു വിശുദ്ധമാസത്തിലെ ഒരു രാത്രിയിലാണ്. മാനവരാശിയുടെ സര്‍വപുരോഗതിക്കും നിദാനമായി വര്‍ത്തിച്ചിട്ടുള്ള വിജ്ഞാനം വായനയിലൂടെ കരസ്ഥമാക്കാനുള്ള ഖുര്‍ആന്റെ ആഹ്വാനം ചിന്താര്‍ഹമാണ്. വ്രതാനുഷ്ഠാനത്തിനു റമസാന്‍ തിരഞ്ഞെടുക്കപ്പെടാനുള്ള കാരണം, ആയിരം മാസങ്ങളെക്കാള്‍ പവിത്രമായ 'ലൈലത്തുല്‍ ഖദ്ര്‍ എന്ന പ്രത്യേക രാത്രി ഈ മാസത്തില്‍ത്തന്നെ ആയതുകൊണ്ടാണെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ബദ്ര്‍ യുദ്ധം, ഫത്ഹ് മക്കാ മുതലായ ഐതിഹാസിക സംഭവങ്ങള്‍ നടന്നതും ഈ മാസത്തില്‍ത്തന്നെയാണ്.
വിശ്വാസ വാക്യത്തിനു പുറമേ നാലു മൌലിക ആരാധനാമുറകളാണ് മുസ്ലിംകള്‍ക്കു വിധിക്കപ്പെട്ടിട്ടുള്ളത്. നിത്യേനയുള്ള അഞ്ചു നേരങ്ങളിലെ നമസ്കാരം, റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം, സക്കാത്ത് (വരുമാനത്തില്‍നിന്നു നിശ്ചിത വിഹിതം ദാനം ചെയ്യല്‍), ഹജ് എന്നിവയാണിവ. ഇതില്‍ വിശുദ്ധ മക്കയില്‍ ചെന്നുള്ള പുണ്യതീര്‍ഥാടനമായ ഹജ് സാമ്പത്തികശേഷിയും ആരോഗ്യശേഷിയുമുള്ളവര്‍ മാത്രം ചെയ്താല്‍ മതി. മറ്റു മൂന്ന് ആരാധനാമുറകളും സര്‍വവ്യക്തികളും നിര്‍വഹിക്കേണ്ടതാണ്.ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രമുഖവും വിശ്വാസിയുടെ നിര്‍ബന്ധബാധ്യതയുമാണ് റമസാന്‍ മാസം പൂര്‍ണമായി വ്രതം അനുഷ്ഠിക്കുകയെന്നത്.
പ്രത്യേക മനക്കരുത്തോടുകൂടി പ്രഭാതംമുതല്‍ പ്രദോഷംവരെ അന്നപാനീയങ്ങളും ശരീരത്തിന്റെ ഇച്ഛകളും വെടിഞ്ഞു ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന മഹത്തായ കര്‍മമാണ് ഇസ്ലാമിക വ്രതം. സൌകര്യപ്പെടുമ്പോള്‍ വീട്ടി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയോടെ രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇസ്ലാം നോമ്പിന്റെ കാര്യത്തില്‍ ഔദാര്യം അനുവദിച്ചിട്ടുണ്ട്.
വ്രതം സാമൂഹികാരോഗ്യം വളര്‍ത്താനുള്ള നല്ലൊരുപാധിയാണ്. പണ്ഡിതനും പാമരനും ധനികനും ദരിദ്രനും കറുത്തവനും വെളുത്തവനും പകല്‍ പൂര്‍ണമായി ഉപവസിക്കണമെന്ന തത്വം സമൂഹത്തില്‍ സാഹോദര്യവും സമത്വവും ഊട്ടിയുറപ്പിക്കും.മാനസികമായ അച്ചടക്കവും ശാരീരികമായ നിയന്ത്രണവും ഒന്നിച്ചാവുമ്പോള്‍ മനുഷ്യര്‍ക്കു വരാവുന്ന മിക്ക രോഗങ്ങളും നിയന്ത്രിതമാവുമെന്ന് ഉറപ്പാണ്. വിശപ്പറിയുന്ന ഒരാള്‍ക്കേ മറ്റുള്ളവരുടെ വിശപ്പറിയാന്‍ കഴിയൂ. 'അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ച് ആഹാരം കഴിക്കുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്ന മുഹമ്മദ് നബി(സ)യുടെ പ്രഖ്യാപനം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
'റമസാന്‍ സമാഗതമായാല്‍ സ്വര്‍ഗീയ വാതായനങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിതരാക്കപ്പെടുകയുംചെയ്യുമെന്നും പ്രവാചകവചനത്തിലുണ്ട്. അതുകൊണ്ടുതന്നെ ആരാധനാ കര്‍മങ്ങളില്‍ കൂടുതല്‍ നിരതനാകാന്‍ ഉപയുക്തമായ സമയമാണു റമസാന്‍. മരണാനന്തര ജീവിതത്തെക്കുറിച്ചും സ്രഷ്ടാവിനെക്കുറിച്ചും വിചാരിക്കാനും ഓര്‍ക്കാനും നാം നീക്കിവയ്ക്കുന്ന അനര്‍ഘനിമിഷങ്ങളായി റമസാന്‍ പരിണമിക്കുന്നു. മോഹനമായ പരലോകം - അതാണ് ഏതൊരു വിശ്വാസിയുടെയും ലക്ഷ്യവും സര്‍വസ്വവും.അതിപുരാതനകാലംമുതലേ ലോകമെങ്ങുമുള്ള ജനവിഭാഗങ്ങളില്‍ ഏതെങ്കിലുമൊരുതരത്തില്‍ വ്രതാനുഷ്ഠാനം നിലനിന്നിരുന്നു.
ജൂത - ക്രൈസ്തവ മതങ്ങളിലും പുരാതന ഹൈന്ദവ സംസ്കാരങ്ങളിലും പ്രത്യേക വ്രതസമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു.ഓരോ ധനികനും പട്ടിണിയുടെ വിലയറിയണമെന്നാണ് ഇസ്ലാം ലക്ഷ്യമാക്കുന്നത്. പണത്തിന്റെ ധിക്കാരം പട്ടിണിയുടെയും വൈഷമ്യത്തിന്റെയും മുന്നില്‍ ശിരസ്സു കുനിക്കണം. റമസാന്‍ ആഗതമാകുന്നതോടെ സത്യവിശ്വാസി അരയും തലയും മുറുക്കി മനസ്സിനെയും ശരീരത്തെയും മെരുക്കിയെടുക്കുന്നു. ആരെങ്കിലും അസഭ്യത്തിനോ വഴക്കിനോമറ്റോ വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്നു പറഞ്ഞ് ഒഴിയണമെന്നു ഹദീസ് നമ്മളെ പഠിപ്പിക്കുന്നു. കോപം, അസൂയ, പരദൂഷണം, ഏഷണി തുടങ്ങിയ മലിനസ്വഭാവങ്ങളില്‍നിന്ന് അവന്‍ അകലുന്നു. ക്ഷമയും സല്‍സ്വഭാവവും പ്രകടമാക്കുന്നു.
സല്‍ക്കര്‍മങ്ങളായ ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത്, ഇഅ്തിക്കാഫ് തുടങ്ങിയവയില്‍ മുഴുകുന്നു.സ്വര്‍ഗത്തിനു റയ്യാന്‍ എന്ന വാതിലുണ്ടെന്നും നോമ്പുകാരന്‍ മാത്രമേ അതിലൂടെ കടക്കുകയുള്ളൂവെന്നും നബി(സ) പറയുന്നു. ആത്മഹര്‍ഷത്തിന്റെ നാളുകളാണു റമസാന്‍. പുണ്യങ്ങളുടെ പൂക്കാലമാണത്.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുമ്പോള്‍ വ്രതശുദ്ധിയിലൂടെ മനുഷ്യന്റെ സുഖവും ദുഃഖവും വേദനയും സന്തോഷവും ഒന്നാണെന്നു മതം പഠിപ്പിക്കുന്നു.റമസാന്‍ വ്രതത്തിന്റെ ഫലമായി വിശ്വാസികളില്‍ ഉണ്ടാകേണ്ട പരിവര്‍ത്തനത്തെക്കുറിച്ചുള്ള ഖുര്‍ആന്‍ പരാമര്‍ശം അര്‍ഥഗര്‍ഭമാണ്. 'നിങ്ങള്‍ സൂക്ഷ്മശാലികളായി ജീവിക്കാന്‍വേണ്ടിയാകുന്നു വ്രതം. ജീവിതത്തില്‍ സംഭവിച്ച തെറ്റുകളിലെല്ലാം പശ്ചാത്തപിച്ചു നന്മകള്‍ വാരിക്കൂട്ടാനുള്ള വഴിയാണ് റമസാനിലൂടെ തുറന്നു കിട്ടുന്നത്.
ഭക്തന്റെ ലക്ഷണങ്ങളില്‍ സവിശേഷമായ ഒന്നാണു ദാനശീലം. അത് അവന്റെ ജീവിതശൈലിയായിരിക്കണം. റമസാനില്‍, പ്രത്യേകിച്ച് അതിലെ മൂന്നാമത്തെ പത്തു നാളുകളില്‍ നബി(സ) ദാനധര്‍മങ്ങളില്‍ പ്രത്യേകം ശുഷ്കാന്തി കാണിച്ചിരുന്നു. സമ്പത്തിനെ മാലിന്യമുക്തമാക്കുന്ന പദ്ധതിയാണു ദാനം. സാമൂഹികജീവിയായ മനുഷ്യന് സമൂഹത്തോടു ബാധ്യതകളുണ്ട്. ആ സാമൂഹികബാധ്യതയുടെ നിര്‍ബന്ധവശമാണു സക്കാത്തിന് (ദാനധര്‍മങ്ങള്‍ക്ക്) ഇസ്ലാമിലുള്ള സ്ഥാനം. താന്‍ അധ്വാനിച്ചുണ്ടാക്കിയ വരുമാനത്തില്‍നിന്ന് ഒരംശം സക്കാത്തായി പാവപ്പെട്ടവര്‍ക്കു നല്‍കുന്നതിലൂടെ വലിയൊരു സാമ്പത്തിക സന്തുലനമാണു സമൂഹത്തില്‍ നടക്കുന്നത്.
പാവങ്ങളെ മറന്നുകൊണ്ടുള്ള സുഖലോലുപത ഇസ്ലാം അംഗീകരിക്കുന്നില്ല.നിര്‍ബന്ധദാനമായ സക്കാത്തിനു പുറമേയാണ് ഈദുല്‍ ഫിത്റില്‍ മാത്രമുള്ള ധാന്യവിതരണമായ ഫിത്ര്‍ സക്കാത്ത്. അത് അവകാശികള്‍ക്കു നല്‍കപ്പെടുന്നതിലൂടെ സാമ്പത്തിക സാഹോദര്യത്തിന്റെ സ്നേഹാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. വിശ്വാസികള്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് ഒരു മാസം പട്ടിണികിടന്നതാണെങ്കില്‍, പെരുനാള്‍ദിനത്തില്‍ ഒരാള്‍പോലും ഭക്ഷണം കിട്ടാത്തവരാവരുത് എന്ന സന്ദേശമാണു ഫിത്ര്‍ സക്കാത്ത് നല്‍കുന്നത്.
പുണ്യമാസത്തിനു റമസാന്‍ എന്നു നാമം ലഭിക്കാന്‍ കാരണമെന്തെന്നു നോക്കാം. ഭൂമിയുടെ ഉപരിതലം മാലിന്യങ്ങള്‍കൊണ്ടും പൊടിപടലങ്ങള്‍കൊണ്ടും നിറയുന്ന വേനല്‍ക്കാലത്തിനുശേഷം ആദ്യമായി വര്‍ഷിക്കുന്ന മഴ ഭൂമിയുടെ ഉപരിതലത്തെ മാലിന്യങ്ങളില്‍നിന്നു കഴുകി ശുദ്ധീകരിക്കുന്നു. ഈ മഴയ്ക്കു റമളാഅ് എന്നാണ് അറബി ഭാഷയില്‍ പറയുന്നത്.
റമസാനു മുന്‍പുള്ള മാസങ്ങളില്‍ പാപങ്ങളാകുന്ന പൊടിപടലങ്ങളാല്‍ മലിനമാകുന്ന മാനവഹൃദയത്തെ സംസ്കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള അസുലഭ നിമിഷങ്ങളാണു റമസാനിലുള്ളത്. സഹനത്തിന്റെ മാസമാണു റമസാന്‍.പ്രഭാതംമുതല്‍ പ്രദോഷംവരെ അന്നപാനാദികള്‍ ഉപേക്ഷിച്ചു വിശപ്പും കഷ്ടപ്പാടുകളും സഹിക്കുന്ന മനുഷ്യന്‍ പൈശാചിക ശക്തികളെയും ശാരീരിക ഇച്ഛകളെയും മൃഗീയതകളെയും ക്ഷയിപ്പിക്കുകയും ആത്മീയ ശക്തിയെ വര്‍ധിപ്പിക്കുകയും ചെയ്തു പരിശുദ്ധനും അനുസരണശീലനും ആയിത്തീരുക എന്നതാണു നോമ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രതിഫലേച്ഛയോടെ റമസാന്റെ രാത്രികളില്‍ നമസ്കരിച്ചാല്‍ അവന്റെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നതാണെന്നു നബിവചനത്തിലുണ്ട്. തറാവീഹ് നമസ്കാരത്തെപ്പറ്റിയാണ് ഈ പ്രസ്താവനയെന്നു ഹദീസ് വ്യാഖ്യാതക്കള്‍ ചൂണ്ടിക്കാണിക്കുന്നു.ഇനിയുള്ള മുപ്പതു ദിനരാത്രങ്ങള്‍ ലോകമെങ്ങും ഇസ്ലാംമത വിശ്വാസികള്‍ ഏകദൈവത്തോടു കൂടുതല്‍ അടുക്കുന്നു. ഖുര്‍ആന്‍ പാരായണത്തിന് അവര്‍ കൂടുതല്‍ സമയം കണ്ടെത്തുന്നു. വ്രതത്തിന്റെ ആത്യന്തികലക്ഷ്യം മനുഷ്യരില്‍ തഖ്വ (ഭക്തി) ഉണ്ടാക്കലാണെന്ന് അവര്‍ തിരിച്ചറിയുന്നു.
ഈമാന്‍ (സത്യവിശ്വാസം) - ബഹുദൈവാരാധനയില്‍നിന്നും, നമസ്കാരം - നിന്ദ്യവും നീചവുമായ പ്രവൃത്തികളില്‍നിന്നും, സക്കാത്ത് - അനിയന്ത്രിതവും അനര്‍ഹവുമായ ധനമോഹങ്ങളില്‍നിന്നും, ഹജ് - അമിതമായ ബന്ധങ്ങളും താല്‍പര്യങ്ങളുംമൂലം ഉണ്ടായിത്തീരാവുന്ന ദൂഷ്യവലയത്തില്‍നിന്നും മനുഷ്യരാശിയെ തടയുമ്പോള്‍, നോമ്പ് - മൃഗീയവും പൈശാചികവുമാകുന്ന ശക്തികളെ ക്ഷയിപ്പിച്ച് അനുസരണം, ആത്മീയോന്നതി തുടങ്ങിയ ഉന്നത ധാര്‍മിക മൂല്യങ്ങളിലേക്കു മാനവസമൂഹത്തെ കൊണ്ടെത്തിക്കുന്നു.പരിശുദ്ധ റമസാന്റെ പവിത്രതയെ കാത്തുസൂക്ഷിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
(മലപ്പുറത്തെ കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ആണ് പ്രഫ. വി. എച്ച്. അബ്ദുല്‍ സലാം)

Monday 5 May 2008

മരുഭൂമിയില്‍ മഴയും കാത്ത്....

എന്തു പറയാനാ.. ചൂടു നന്നയിട്ടുതന്നെ തുടങ്ങി... ഉച്ചയ്ക്ക് ആപീസില്‍ നിന്നു ഭക്ഷണം കഴിക്കാന്‍പോലും പുറത്തിറങ്ങാന്‍ മടി ....

ഒരു പാത്രം സംഭാരം കിട്ടിയിലാല്‍... ഹൂം ... ഈ ഉണക്ക മരുഭൂമിയിലോ?....